കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
Monday, May 13, 2024 6:57 PM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മദ്യനയക്കേസിൽ അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത പശ്ചാത്തലത്തിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്നും നീക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര പരിധിയില്‍ പെട്ട കാര്യങ്ങളാണെന്നും കോടതി ഇടപെടില്ലെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും വ്യക്തമാക്കി.
മുഖ്യമന്ത്രിയെ നീക്കാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ അവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഔചിത്യവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ബെഞ്ച് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി അടുത്തിടെ വിസമ്മതിച്ചിരുന്നു. ഹർജിക്കാരൻ കോടതിയെ രാഷ്ട്രീയമായി വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ ഹൈക്കോടതി, 50,000 രൂപ പിഴ ചുമത്തുമെന്ന് പറഞ്ഞിരുന്നു.