രാജ്യസഭാ സീറ്റ്; പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് ജോസ് കെ. മാണി
Monday, May 13, 2024 6:15 PM IST
കോട്ടയം: രാജ്യസഭ സീറ്റിൽ പരസ്യ ചർച്ചയ്ക്കില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തിൽ സ്വീകരിക്കും. എന്നാൽ ഇക്കാര്യം പരസ്യമായി ചർച്ച ചെയ്യാനില്ലെന്നും ജോസ് പറഞ്ഞു.
അതേസമയം യുഡിഎഫ് വിട്ടു വന്നപ്പോൾ രാജ്യസഭ സീറ്റ് പാർട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നൽകണമെന്നും ശക്തമായി വാദിക്കാനുമാണ് കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം.
എൽഡിഎഫിന്റെ തുടർഭരണത്തിനു വഴിയൊരുക്കിയത് കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ നിലപാടെന്നും അതിനാൽ രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും ജോസ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് ഇടത് എംപിമാരായ എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ സംസ്ഥാന സെക്രട്ടറി), ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കാനിരിക്കുന്നത്. സഭയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ട് സീറ്റിൽ ഇടതുമുന്നണിക്കും ഒരു സീറ്റിൽ യുഡിഎഫിനും സ്ഥാനാർഥികളെ വിജയിപ്പിക്കാനാവും.