എസ്. രാമചന്ദ്രൻപിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു
Sunday, May 12, 2024 1:05 PM IST
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലിചെയ്തു വരികയായിരുന്നു.
ആന്തരികാവയവങ്ങളുടെ തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിലാണ് സംസ്കാരം.
ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്ന ബിപിൻ ചന്ദ്രൻ എന്റർപ്രണർ ബിസിനസ് മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.