കളക്ടറെ വിമര്‍ശിച്ച നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ്; പ്രതിഷേധത്തിന് ഭരണാനുകൂല സംഘടന
Sunday, May 12, 2024 10:45 AM IST
തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കളക്ടറെ വിമര്‍ശിച്ച നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ സംഭവത്തില്‍ പ്രതിഷേധത്തിനൊരുങ്ങി ഭരണാനുകൂല സംഘടന. തിങ്കളാഴ്ച 14 ജില്ല കളക്ട്രേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ജോയിന്റ് കൗണ്‍സിലിന്റെ തീരുമാനം.
കളക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനാണ് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നേതാവും ദേവസ്വം ബോര്‍ഡ് തഹസീല്‍ദാറുമായ ജയചന്ദ്രന് കല്ലിംഗലിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതും ജീവനക്കാര്‍ക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. കളക്ടര്‍ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടില്‍ വിളിച്ചുവരുത്തിയ സംഭവം വിവാദമായിരുന്നു. ഈ വിഷയത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു കളക്ടര്‍ക്കെതിരെയുള്ള ജയചന്ദ്രന്റെ വിമര്‍ശനം.
ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതിനെയും ജീവനക്കാരോടുള്ള കളക്ടറുടെ പെരുമാറ്റത്തെയും ജയചന്ദ്രന് വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനമാണ് ചട്ടലംഘനമായി കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദശം. എന്നാല്‍ വിശദീകരണം നല്‍കണമെന്ന ആവശ്യം പിന്‍വലിക്കണമെന്നാണ് ജോയിന്റ് കൗണ്‍സിലിന്റെ ആവശ്യം.