ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ
Sunday, May 12, 2024 9:00 AM IST
വടകര: വടകര: ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി കെ.കെ.രമ എംഎൽഎ. ഒരു സ്ത്രീക്കും എതിരെ പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഹരിഹരന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് രമ പ്രതികരിച്ചു.
ഹരിഹരനെതിരേ പാര്‍ട്ടി നടപടി ആലോചിക്കും. ഹരിഹരന് മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ വിവാദം അവസാനിപ്പിക്കണമെന്നും രമ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കെ.എസ്.ഹരിഹരൻ നടത്തിയ പരാമർശമാണ് വിവാദമായത്. ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്ന് ഒരു നടിയുടെ പേര് പറഞ്ഞായിരുന്നു ഹരിഹരന്റെ പരാമർശം.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലാണ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ ഹരിഹരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു.