ഡൽഹിയിൽ പൊടിക്കാറ്റ്: രണ്ടു പേർ മരിച്ചു; 23 പേർക്ക് പരിക്ക്
Saturday, May 11, 2024 9:35 AM IST
ന്യൂഡൽഹി: പൊടിക്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മരം വീണാണ് അപകടമുണ്ടായത്. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചയുണ്ടായ പൊടിക്കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണതിനെ കുറിച്ച് 152 കോളുകളും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി 55 കോളുകളും ലഭിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. 200-ലധികം താമസക്കാർക്ക് വൈദ്യുതി തടസപ്പെട്ടു.
ഇടിമിന്നലും ശക്തമായ കാറ്റും നഗരത്തിൽ ഗതാഗത തടസത്തിനും വിമാനം വഴിതിരിച്ചുവിടുന്നതിനും കാരണമായി. ഡൽഹിയിലേക്കുള്ള ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. മരങ്ങൾ കടപുഴകി വീണത് പലയിടത്തും ഗതാഗതത്തെ ബാധിച്ചു.
നോയിഡയിലെ സെക്ടർ 58ൽ ഒരു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ച ഷട്ടറിംഗ് വാഹനങ്ങൾക്ക് മുകളിൽ വീണതിനെ തുടർന്ന് നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
രാജ്യതലസ്ഥാനത്ത് ഇന്ന് കൂടുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തെക്കൻ പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, മേഘാലയ, തെക്ക്-കിഴക്കൻ അരുണാചൽ പ്രദേശ്, തെക്ക്-കിഴക്കൻ ആസാം, മണിപ്പൂർ, കർണാടക, കേരളം എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.