ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
Saturday, May 11, 2024 8:41 AM IST
ബംഗുളൂരു: ലൈംഗീകാതിക്രമ പരാതിയിൽ ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ. ചിത്രദുർഗയിൽ നിന്നും ബംഗളൂരുവിലേക്ക് വരുന്ന വഴി കർണാടക പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്വത്ത് വിൽക്കാൻ സഹായിക്കാനെന്ന വ്യാജേന സമീപിച്ച ദേവരാജ ഗൗഡ തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് നടപടി. ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്. എന്നാൽ വീഡിയോ ചോർത്തിയതിന് പിന്നിൽ കോൺഗ്രസാണെന്നാണ് ഇയാളുടെ ആരോപണം.
2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ, പ്രജ്വലിന്റെ പിതാവും ഹൊലേനരസിപുര എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരെ ദേവരാജ ഗൗഡ മത്സരിച്ചിട്ടുണ്ട്.
പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് ഗൗഡ കഴിഞ്ഞ വർഷം ബിജെപി നേതൃത്വത്തെ അറിയിക്കുകയും ഇയാളെ മത്സരിപ്പിക്കരുതെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം ജെഡിഎസുമായി സഖ്യമുണ്ടാക്കിയ ബിജെപി, പ്രജ്വലിനെ ഹാസനിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.