തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
Saturday, May 11, 2024 1:18 AM IST
ന്യൂഡൽഹി: തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് ഹർജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സ്വരാജ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിൽ വിധി പറഞ്ഞത്.
ബാബു തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്നും പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷികൾ പറഞ്ഞതൊന്നും വിശ്വാസ്യയോഗ്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.