മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍; എ.കെ.ബാലനെ ട്രോളി പി.കെ.അബ്ദുറബ്ബ്
Friday, May 10, 2024 9:33 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് വിശ്രമിക്കാനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്റെ പ്രസ്ഥാവനയെ ട്രോളി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.അബ്ദുറബ്ബ്.
ആറുദിവസംകൊണ്ട് പ്രപഞ്ചമുണ്ടാക്കിയിട്ട് ദൈവം പോലും ഏഴാം ദിനം വിശ്രമിച്ചു. അതുപോലെ പിണറായി വിജയൻ വിശ്രമിക്കാനാണ് വിദേശത്തേക്ക് പോയതെന്നാണ് എ.കെ.ബാലൻ പറഞ്ഞത്.
ശരിയാണ് ദൈവം അന്ന് ബുർജ് ഖലീഫയുടെ മുകളിലാണ് വിശ്രമിച്ചത്. എന്നിട്ട് ഇന്തോനേഷ്യയും, സിംഗപ്പൂരും മാത്രമല്ല ലോകം മൊത്തം കറങ്ങി. ദുബായിയിൽ തിരിച്ചെത്തിയ ശേഷം ബുർജ് ഖലീഫയുടെ മുകളിലെ റൂമിൽ നിന്നു ഫ്രഷായി.
അവിടെ നിന്നു തന്നെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചു. ഇങ്ങനെയാണ് കഥയെന്നും വ്യത്യസ്തമായൊരു ബാലന്റെ കോമഡി സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നും അബ്ദുറബ്ബ് തന്റെ ഫേയ്സ്ബുക്ക് പേജിൽ കുറിച്ചു.