പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
Friday, May 10, 2024 5:02 AM IST
അഹമ്മദാബാദ്: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയ ആൾ ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ അറസ്റ്റിൽ. പ്രവീൺ മിശ്ര എന്നയാളാണ് അറസ്റ്റിലായത്.
ഇന്ത്യൻ സായുധ സേനയെയും പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണ-വികസന സ്ഥാപനങ്ങളെയും കുറിച്ചുള്ള അതീവരഹസ്യമായ വിവരങ്ങൾ പ്രവീൺ മിശ്ര ചോർത്തിയിരുന്നുവെന്ന് ഗുജറാത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) പറഞ്ഞു.
ഉധംപൂരിലെ മിലിട്ടറി ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് സിഐഡി അന്വേഷണം ആരംഭിച്ചത്. ബറൂച്ച് ജില്ലയിലെ അങ്കലേശ്വർ നിവാസിയും ബിഹാറിലെ മുസാഫർപൂർ സ്വദേശിയുമായ പ്രവീൺ മിശ്ര, രാജ്യത്തിനെതിരെ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ക്രിമിനൽ ഗൂഢാലോചന നടത്താൻ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനുമായി വാട്ട്സ്ആപ്പ് കോളുകളിലൂടെയും ഓഡിയോ ചാറ്റിലൂടെയും ബന്ധപ്പെട്ടിരുന്നുവെന്ന് സിഐഡി പറഞ്ഞു.
പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിക്ക് ഇയാൾ വിവരങ്ങൾ അയച്ചുവെന്ന് കണ്ടെത്തിയതായി സിഐഡി അറിയിച്ചു.
ആംഡ് ഫോഴ്സ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) എന്നിവയിലെ നിലവിലുള്ളതോ വിരമിച്ചതോ ആയ ജീവനക്കാരെയും മിസൈൽ സിസ്റ്റം വികസനത്തിന്റെ ഗവേഷണ-വികസനവുമായി ബന്ധപ്പെട്ട ജീവനക്കാരെയും രഹസ്യ വിവരങ്ങൾ കൈമാറുന്നതിന് പാക്കിസ്ഥാൻ ഉപയോഗിക്കുന്നതായി മിലിട്ടറി ഇന്റലിജൻസ് സിഐഡിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.