മഹാരാഷ്ട്രയിൽ മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
Thursday, May 9, 2024 5:25 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ മക്കളെ വിഷം നല്കി കൊലപ്പെടുത്തിയതിന് ശേഷം മാതാവ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. നാസിക് സിറ്റിയിലാണ് സംഭവം.
അശ്വിനി നികുംഭ്(30) ആണ് ജീവനൊടുക്കിയത്. ഇവർ മക്കളായ ആരാധ്യ (എട്ട്), അഗസ്ത്യ (രണ്ട്) എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച രാവിലെ ഏഴോടെ നഗരത്തിലെ കൊണാർക്ക് നഗർ ഏരിയയിലെ ഹരി വന്ദൻ അപ്പാർട്ട്മെന്റിന്റെ ടെറസിൽ നിന്നാണ് അശ്വിനി ചാടിയത്. മറ്റ് താമസക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ട് കുട്ടികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം അവളുടെ ഭർത്താവ് സ്ഥലത്തില്ലായിരുന്നു.
തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരൻ ഭർത്താവ് സ്വപ്നിലാണെന്ന് സൂചിപ്പിച്ച് അശ്വിനി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ഭർത്താവ് തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ അശ്വനി എഴുതിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.