നവകേരള ബസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന് കെഎസ്ആർടിസി
Wednesday, May 8, 2024 4:30 PM IST
കോഴിക്കോട്: ബംഗളൂരു-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന നവകേരള ബസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന് നിർദേശം. ഇതുസംബന്ധിച്ച് കെഎസ്ആർടിസി എംഡി കോഴിക്കോട് ഡിടിഒയ്ക്ക് നിർദേശം നൽകി. സീറ്റുകൾ ഓൺലൈൻ ബുക്കിംഗ് ആയതിനാൽ കണ്ടെക്ടറുടെ ആവശ്യമില്ലെന്നുമാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.
എന്നാൽ ഉത്തരവ് അപ്രായോഗികമാണെന്നാണ് ജീവനക്കാരുടെ പ്രതികരണം. ഒരു ഡ്രൈവർ മാത്രമായി സർവീസ് നടത്താനായി സാധിക്കില്ലെന്ന് യൂണിയനുകൾ കത്ത് നൽകി.
ബംഗളൂരു-കോഴിക്കോട് 750 കിലോമീറ്റർ നീണ്ട സർവീസിനാണ് ഒരു ഡ്രൈവർ മാത്രം മതിയെന്ന് നിർദേശം. പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30 ന് ബസ് ബംഗളൂരുവിലെത്തും. പിന്നീട് ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് തിരികെ യാത്ര ആരംഭിക്കുന്ന ബസ് രാത്രി പത്തിന് കോഴിക്കോട് എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.