പുതിയ പാര്‍ട്ടി രൂപീകരണം: ജനതാദള്‍-എസ് നേതൃയോഗം ഇന്ന്
Wednesday, May 8, 2024 8:36 AM IST
തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരണം ചര്‍ച്ചചെയ്യാന്‍ ജനതാദള്‍-എസിന്റെ നേതൃയോഗം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരത്ത് ചേരും. പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല ദൃശ്യ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
നേരത്തെ, ജെഡി-എസ് ബിജെപിക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനഘടകം ഇപ്പോഴും ദേശീയ പാര്‍ട്ടിയുടെ ഭാഗമാണ്.
സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ലയിക്കണമെന്നാണ് നേതാക്കളുടെ ആലോചന. നേരിട്ട് ദേശീയ പാര്‍ട്ടിയുടെ ഭാഗമാകണമെന്ന അഭിപ്രായമുള്ളവരുമുണ്ട്. ഇടതുമുന്നണിയിലെ ചെറു പാര്‍ട്ടികള്‍ ഒറ്റ പാര്‍ട്ടിയായി മാറണമെന്ന നിര്‍ദേശവും ചര്‍ച്ചയാകും.
ജനതാദള്‍-എസ്, എന്‍സിപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടികളുടെ ലയനം ആണ് പരിഗണയില്‍. കൂറുമാറ്റ നടപടി ഉള്ളതിനാല്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസ് എംഎല്‍എയും പുതിയ പാര്‍ട്ടിയില്‍ അംഗത്വം എടുത്തേക്കില്ല.