ഗുജറാത്തിൽ ആയിരത്തോളം ആളുകൾ വോട്ടിംഗ് ബഹിഷ്ക്കരിച്ചു
Wednesday, May 8, 2024 6:33 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ മൂന്ന് ഗ്രാമങ്ങളിൽ നിന്നായി ആയിരത്തോളം വോട്ടർമാർ ചൊവ്വാഴ്ച നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ബറൂച്ച് ജില്ലയിലെ കേസർ ഗ്രാമം, സൂറത്ത് ജില്ലയിലെ സനാധര, ബനസ്കന്ത ജില്ലയിലെ ഭഖാരി എന്നിവിടങ്ങളിലെ വോട്ടർമാർ വോട്ടെടുപ്പ് പൂർണമായും ബഹിഷ്കരിച്ചപ്പോൾ ജുനഗഡ് ജില്ലയിലെ ഭട്ഗാം ഗ്രാമത്തിലെയും ബോഡോളിയിലെയും വോട്ടർമാർ മഹിസാഗർ ജില്ലയിലെ കുഞ്ജര ഗ്രാമവാസികൾ വോട്ടിംഗ് ഭാഗികമായും ബഹിഷ്കരിച്ചു.
320 വോട്ടർമാരുള്ള സനാധര ഗ്രാമം ബർദോലി മണ്ഡലത്തിന് സീറ്റിന് കീഴിലാണ്. പ്രാദേശിക ഭരണകൂടവും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും വോട്ടവകാശം വിനിയോഗിക്കാൻ ഇവരെ കഴിവതും പ്രേരിപ്പിച്ചെങ്കിലും ആരും വഴങ്ങിയില്ല.
പടാൻ മണ്ഡലത്തിൽ ഉൾപ്പെടുന്ന ബഖ്രി ഗ്രാമത്തിലെ 300 ഓളം വോട്ടർമാരും തങ്ങളുടെ ഗ്രാമപഞ്ചായത്ത് വിഭജിച്ചതിൽ പ്രതിഷേധിച്ച് കൂട്ടമായി വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. അനുനയിപ്പിച്ചിട്ടും വോട്ടവകാശം വിനിയോഗിക്കില്ലെന്ന തീരുമാനത്തിൽ അവർ ഉറച്ചുനിന്നു.
രാവിലെ മുതൽ പോളിംഗ് ഒരുക്കങ്ങൾ നടത്തിയെങ്കിലും പോളിംഗ് ഓഫീസർമാർ കാത്തുനിന്നിട്ടും ഗ്രാമവാസികൾ വോട്ടുചെയ്യാൻ എത്തിയില്ല. ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർഥി ഭാരത്സിൻഹ് ദാഭി ഗ്രാമത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ ഇവരോട് ആവശ്യപ്പെട്ടിട്ടും ആരും തയാറായില്ല.
ബറൂച്ച് ജില്ലയിലെ കേസർ ഗ്രാമത്തിലെ 350 ഓളം വോട്ടർമാരും വോട്ട് ചെയ്യില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. വൈകുന്നേരമായിട്ടും ഒരു വോട്ട് പോലും രേഖപ്പെടുത്തിയില്ല.
ഗുജറാത്തിൽ ഇതാദ്യമായല്ല ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നത്. പുഴയ്ക്ക് കുറുകെ പാലം പണിയണമെന്ന ഇവരുടെ ആവശ്യം സർക്കാർ നടപ്പാക്കാത്തതിനാൽ മുൻപും ഇവർ ഇപ്രകാരം ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഗുജറാത്തിലെ ആകെയുള്ള 26 ലോക്സഭാ സീറ്റുകളിൽ 25 എണ്ണത്തിലേക്കാണ് ചൊവ്വാഴ്ച ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നത്.