സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
Wednesday, May 8, 2024 1:10 AM IST
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേർക്ക് വെടിവയ്പ്പുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസറ്റിൽ. ലോറൻസ് ബിഷ്ണോയി സംഘത്തിലെ മുഹമ്മദ് റഫീഖ് ചൗധരി (37) എന്നയാളെയാണ് രാജസ്ഥാനിൽ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ആക്രമികൾക്ക് സാമ്പത്തിക സഹായം നൽകിയെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ബൻസി ഗ്രാമത്തിൽ നിന്നാണ് ചൗധരിയെ അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 14 ന് മുംബൈയിലെ ബാന്ദ്ര ഏരിയയിലെ ഗാലക്സി അപ്പാർട്ട്മെന്റിലെ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.
വെടിവയ്പ്പ് കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ വ്യക്തിയായ ചൗധരിയെ മുംബൈ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും അവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നുമാണ് റഹീഖിനെക്കുറിച്ച് വിവരം ലഭിച്ചത്.
12-ാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ചൗധരി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയുമായും മറ്റൊരു സംഘത്തലവനായ രോഹിത് ഗദാരയുമായും നേരിട്ട് ബന്ധമുണ്ട്.