അച്ചടക്ക ലംഘനം; അരുണാചലിൽ 27 നേതാക്കളെ ബിജെപിയിൽ നിന്നും പുറത്താക്കി
Wednesday, May 8, 2024 1:00 AM IST
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചതിന് 27 നേതാക്കളെ പാർട്ടിയിൽ നിന്നും ബിജെപി പുറത്താക്കി. അരുണാചൽ ബിജെപി ഘടകം ചൊവ്വാഴ്ചയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
നേതാക്കളെ ആറ് വർഷത്തേക്ക് പുറത്താക്കിയതായി പാർട്ടി സംസ്ഥാന അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ താര് തരക് പറഞ്ഞു. പുറത്താക്കപ്പെട്ടവർ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ എന്നീ പാർട്ടി സ്ഥാനാർഥികളായാണ് മത്സരിച്ചത്. ചിലർ സ്വതന്ത്ര സ്ഥാനാർഥികളായും മത്സരിച്ചു.
ദിരാംഗിൽ നിന്ന് മത്സരിച്ച യെഷി സെവാംഗ്, വാംഗ്ഡി ദോർജി ഖിർമേ (കലക്താംഗ്), ടെൻസിംഗ് നിമ്യ ഗ്ലോ (ത്രിസിനോ-ബുറഗാവ്), നബാം വിവേക് (ദോയിമുഖ്), മയൂ ടാറിംഗ് (പാലിൻ), ഡിക്ടോ യെക്കർ (ഡപ്പോറിജോ), മുർട്ടെം (രാഗം), തബ ഡോണി (ഡുംപോറിജോ) ഗോകർ ബസാർ (ബസാർ), ജർക്കർ ഗാംലിൻ എന്നിവർ പുറത്താക്കപ്പെട്ട പ്രമുഖരിൽ ചിലരാണ്.