മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റി
Tuesday, May 7, 2024 7:52 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ സന്ദർശനത്തിനായി ഇന്തോനേഷ്യയിലേക്കു പോയതിനാൽ ബുധനാഴ്ച ഓണ്‍ലൈനായി ചേരാൻ തീരുമാനിച്ചിരുന്ന മന്ത്രിസഭായോഗം മാറ്റിവച്ചു.
ബുധനാഴ്ച രാവിലെ 9.30ന് ഓണ്‍ലൈനായി മന്ത്രിസഭ ചേരുമെന്നായിരുന്നു മന്ത്രിമാരെ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വൈകുന്നേരത്തോടെ മന്ത്രിസഭായോഗം തത്കാലം മാറ്റിവയ്ക്കുന്നതായി ചീഫ് സെക്രട്ടറി മന്ത്രിമാരെ അറിയിച്ചു.
മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഒരു ഇനം മാത്രമുള്ള സാഹചര്യത്തിൽ ഈ ആഴ്ചത്തെ മന്ത്രിസഭ തത്കാലം ഒഴിവാക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറിയുടെ നോട്ടിലുള്ളത്.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇന്തോനേഷ്യയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭയിൽ അടുത്ത ആഴ്ച ഓണ്‍ലൈനായിട്ടാകും മന്ത്രിസഭ ചേരുകയെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു.