മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Monday, May 6, 2024 6:33 AM IST
ടിജ്വാന: മെക്സിക്കോയിൽ സർഫിംഗ് യാത്രയ്ക്കിടെ കാണാതായ രണ്ട് ഓസ്ട്രേലിയൻ സഹോദരന്മാരുടെയും ഒരു അമേരിക്കക്കാരന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങളുടെ തലയിൽ വെടിയേറ്റ മുറിവുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓസ്ട്രേലിയക്കാരായ കോളം, ജെയ്ക്ക് റോബിൻസൺ, അവരുടെ അമേരിക്കൻ സുഹൃത്ത് ജാക്ക് കാർട്ടർ എന്നിവരുടെ ബന്ധുക്കൾ തിരിച്ചറിയൽ പ്രക്രിയയിൽ സഹായിക്കാൻ മെക്സിക്കോയിൽ ഉണ്ടായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ മരിയ എലീന ആൻഡ്രേഡ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
അവരുടെ പിക്ക്-അപ്പ് ട്രക്ക് മോഷ്ടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും ഈ വാഹനം കത്തിനശിച്ച നിലയിൽ സമീപത്ത് കണ്ടെത്തിയെന്നും അധികൃതർ പറഞ്ഞു. ഈ കേസിൽ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
സംഭവം നടന്ന വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിലെ പാറക്കെട്ടിന് മുകളിലുള്ള നിന്നും കണ്ടെടുത്ത മൃതദേഹങ്ങൾ കാണാതായ വിനോദസഞ്ചാരികളുടേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നുവെന്നും ആൻഡ്രേഡ് പറഞ്ഞു.