ഇസ്രയേലിലെ അൽ ജസീറ ഓഫീസിൽ റെയ്ഡ്; സംപ്രേക്ഷണം നിർത്തിച്ചു
Monday, May 6, 2024 6:16 AM IST
ജോർദാൻ: അൽ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേമിലെ ഹോട്ടൽ മുറിയിൽ റെയ്ഡ്. ഇസ്രയേലില്‍ അല്‍ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകള്‍ക്ക് പ്രവര്‍ത്തനനുമതി വിലക്കിയതിന് പിന്നാലെയാണ് നടപടി.
ഹോട്ടൽ മുറിയിൽ ഉദ്യോഗസ്ഥർ കാമറ ഉപകരണങ്ങൾ പൊളിച്ചുമാറ്റുന്നതിന്റെ വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അൽ ജസീറ പക്ഷപാതപരമായി വാർത്തകൾ നല്‍കുന്നുവെന്നുവെന്നും ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നും വ്യക്തമാക്കിയാണ് കാബിനറ്റ് ഈ തീരുമാനം കൈക്കൊണ്ടത്.
അൽ ജസീറയ്ക്ക് പൂട്ടിടുന്ന കാര്യം എക്സിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. "ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു, ഇത് സർക്കാരിന്റെ ഏകകണ്ഠമായ തീരുമാനമാണ്'. നെതന്യാഹു എക്സിൽ കുറിച്ചു.
ഹമാസിന്റെ ദൂതർക്ക് ഇസ്രയേലിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേൽ മന്ത്രി സ്ലോമോ കാർഹി നെതന്യാഹുവുമായിചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അൽ ജസീറ ഉടൻതന്നെ പൂട്ടി ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചിരുന്നു.
അതേസമയം, ഈ നീക്കം ക്രിമിനൽ നടപടിയാണെന്നും തങ്ങൾക്കെതിരെയുള്ള ആരോപണം അപകടകരവും പരിഹാസ്യവുമായ നുണയാണെന്നും അൽ ജസീറ പ്രതികരിച്ചു. 140-ലധികം പലസ്തീന് മാധ്യപ്രവര്‍ത്തകര്‍ക്ക് ഗാസയിലെ യുദ്ധത്തില്‍ ജീവന് നഷ്ടമായെന്നും മാധ്യപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്നത് കുറ്റകരമാണെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു.