ഗാന്ധി കുടുംബത്തിൽ രാഷ്ട്രീയ അധികാരങ്ങൾക്ക് സ്ഥാനമില്ല: റോബർട്ട് വദ്ര
Sunday, May 5, 2024 6:27 PM IST
ന്യൂഡൽഹി: ഗാന്ധി കുടുംബത്തിൽ രാഷ്ട്രീയ അധികാരങ്ങൾക്ക് സ്ഥാനമില്ലെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര. രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കുവേണ്ടിയാണ് എപ്പോഴും ഗാന്ധി കുടുംബം പ്രവർത്തിച്ചിട്ടുള്ളത്. ഇനിയും അത് തുടരുമെന്ന് റോബർട്ട് വദ്ര വ്യക്തമാക്കി.
ജനങ്ങൾ നൽകിയ പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. എല്ലായ്പ്പോഴും പൊതു സേവനത്തിലൂടെ തനിക്ക് കഴിയുന്നത്ര ആളുകളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുൽ ഗാന്ധി കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട അമേഠിയിൽ മത്സരിക്കാൻ റോബർട്ട് വദ്ര താത്പര്യം അറിയിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ കിഷോർ ലാൽ ശർമയാണ് അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി. അമേഠി വിട്ട് രാഹുൽ ഗാന്ധി റായ്ബറേലി ഏറ്റെടുത്ത് നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് റോബർട്ടിന്റെ പ്രതികരണം.