തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
Saturday, May 4, 2024 1:26 PM IST
തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ തൃശൂരിലെ നേതാക്കള്‍ക്കെതിരേ തുറന്നടിച്ച് കെ.മുരളീധരന്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥതയുണ്ടായെന്ന് തൃശൂരിലെ സ്ഥാനാര്‍ഥി കൂടിയായ മുരളീധരന് വിമര്‍ശിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരടക്കം പങ്കെടുത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് മുരളീധരന്റെ വിമര്‍ശനം. തൃശൂരിലെ എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ടി.എന്‍.പ്രതാപനെയും ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂരിനെയുമാണ് മുരളീധരന് പേരെടുത്ത് വിമര്‍ശിച്ചത്.
ഇരുവരുടെയും ഭാഗത്തുനിന്ന് കെടുകാര്യസ്ഥതയുണ്ടായി. ഇത് മൂലം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഭാരിച്ച ചിലവ് വന്നെന്ന് മുരളീധരന് വിമര്‍ശനം ഉന്നയിച്ചു. തൃശൂരിലെ ചില നേതാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും മുരളീധരന് പറഞ്ഞു.
പിന്നാലെ കോഴിക്കോട്ടെ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ എം.കെ.രാഘവനും വിമർശനവുമായി രംഗത്തെത്തി. തന്റെ പ്രചരണത്തിൽ നിന്നും പ്രമുഖ നേതാവിന്റെ അനുയായികൾ വിട്ടുനിന്നുവെന്നായിരുന്നു രാഘവന്റെ വിമർശം.
എംഎൽഎ കൂടിയായ ടി.സിദ്ധിഖിനെ പേരെടുത്ത് പറയാതെയാണ് രാഘവൻ അദ്ദേഹത്തിനെതിരേ വിമർശനം ഉന്നയിച്ചത്.