കുഞ്ഞിന്റെ തലയോട്ടി തകർന്നു; ശരീരത്തിൽ ബലംപിടിച്ചതിന്റെ പാടുകൾ
Friday, May 3, 2024 7:43 PM IST
കൊച്ചി: പനമ്പള്ളിനഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞ് മരിച്ചത് യുവതി താഴേയ്ക്ക് എറിഞ്ഞത് മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോട്ടിലെ സൂചനകൾ വ്യക്തമാക്കുന്നത്.
കുട്ടിയുടെ തലയോട്ടി തകർന്ന നിലയിലാണ്. കീഴ് താടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്ത് ബലംപിടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്.
കുഞ്ഞിനെ താഴേയ്ക്ക് എറിഞ്ഞപ്പോഴാണോ തലയോട്ടി തകർന്നതെന്ന കാര്യം വ്യക്തമാകാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. മുറിക്കുള്ളിൽ വച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം താഴേയ്ക്ക് എറിഞ്ഞതാകാനും സാധ്യത നിലനിൽക്കുന്നുണ്ട്.
ഇക്കാര്യങ്ങൾ വ്യക്തമാകാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെടേണ്ടതുണ്ട്. കടുത്ത മാനസിക സംഘർഷവും യുവതി നേരിടുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം കുട്ടിയെ കൊലപ്പെടുത്തി എന്ന കാര്യം യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഏത് വിധേനയാണ് കൃത്യം നടത്തിയതെന്ന് അറിയാൻ ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൊലക്കുറ്റം ചുമത്തി യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.