സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; അവരെ ദൈവം രക്ഷിക്കട്ടെ: സി.വി. ആനന്ദബോസ്
Friday, May 3, 2024 5:34 PM IST
കോൽക്കത്ത: രാജ്ഭവനിൽ സ്ത്രീയോട് താൻ അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സി.വി ആനന്ദ ബോസ്. സംസ്ഥാന ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ആരോപണമുന്നയിച്ചത്.
ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും ആനന്ദബോസ് പ്രതികരിച്ചു. തന്നെ അപകീർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞു.
അതേസമയം, ആരോപണം ഉന്നയിച്ച സ്ത്രീ പോലീസിൽ പരാതി നല്കിയിട്ടുണ്ടെന്നു തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു എന്നാണ് വിഷയത്തിൽ രാജ്ഭവൻ നൽകുന്നു വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്. ഗവർണർക്കെതിരായ പരാതിയിൽ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. പരാതിയിൽ കേസെടുത്തിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.
ആരോപണം ഉയർന്നതിന് പിന്നാലെ രാജ്ഭവനിൽ പോലീസ് കയറുന്നത് ഗവർണർ വിലക്കി. തനിക്കെതിരേ ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവനിൽ കയറുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.