അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്ത സംഭവം; രണ്ടു പേർക്ക് ജാമ്യം ലഭിച്ചു
Friday, May 3, 2024 7:00 AM IST
ലക്നോ: 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ ലോക്സഭാ എംപിയും ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവനുമായ അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിനു നേരെ വെടിയുതിർത്ത കേസിൽ പിടിയിലായ രണ്ടുപേർക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേസിൽ പിടിയിലായ സച്ചിൻ ശർമ, ശുഭം ഗുർജാർ എന്നിവരുടെ പേരുകൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റീസ് പങ്കജ് ഭാട്ടിയ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും കോടതി കൂട്ടിച്ചേർത്തു.
കേസുമായി ഇരുവരെയും ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ ദുർബലമായ തെളിവുകളാണെന്നും കോടതി കണ്ടെത്തി. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ പിൽഖുവയിൽ വച്ചാണ് അസദുദ്ദീൻ ഒവൈസിയുടെ കാറിനു നേരെ വെടിയുതിർത്തത്.