മേയര്‍- ഡ്രൈവര്‍ തര്‍ക്കം; നടപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് പീനല്‍ കോഡെന്ന് എം.വിന്‍സന്റ്
Thursday, May 2, 2024 3:54 PM IST
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ പോലീസിനെതിരേ എം.വിന്‍സന്റ് എംഎല്‍എ. മേയര്‍ക്കെതിരേ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് എംഎല്‍എ പറഞ്ഞു.
കൃത്യനിര്‍വഹണം തടസപ്പടുത്തി, എംഎല്‍എ വണ്ടിയില്‍ അതിക്രമിച്ച് കടന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയാണ് ഡ്രൈവര്‍ പോലീസിൽ പരാതി നല്‍കിയത്. എന്നാല്‍ സിപിഎം നേതാക്കള്‍ പ്രതികളായാല്‍ കമ്മ്യൂണിസ്റ്റ് പീനല്‍ കോഡാണ് നടപ്പാക്കുന്നതെന്ന് എംഎല്‍എ വിമര്‍ശിച്ചു.
തെളിവ് നശിപ്പിക്കാന്‍ മേയറും എംഎല്‍എയും ആവശ്യപ്പെട്ടു. ഇവര്‍ നിയമം കൈയിലെടുത്തു. സംഭവത്തില്‍ പോലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്.
ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാന്‍ തയാറാകാത്ത ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണം. വിഷയത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും ഇടപെടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.