കൊടും ചൂട്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു
Thursday, May 2, 2024 12:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കൊടും ചൂടിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് യോഗം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
വരള്‍ച്ച പ്രഖ്യാപിക്കുന്നത് അടക്കമുള്ള സാഹചര്യങ്ങളുണ്ടോയെന്ന് യോഗം പരിശോധിക്കും. 2016-ല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരള്‍ച്ച പ്രഖ്യാപിച്ചിരുന്നു.
ഇതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നത്. വേനല്‍മഴയില്‍ അടക്കം വന്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരും. കൊല്ലത്തും തൃശൂരും താപനില 39 ഡിഗ്രി സെല്‍സ്യസാണ്.
കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍സ്യസ് വരെ ഉയരും. എല്ലാ ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളില്‍ എത്തുമെന്നും ആളുകള്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശമുണ്ട്.