"എനിക്കെതിരെ മത്സരിക്കു, പരാജയപ്പെട്ടാൽ രാഷ്ട്രീയം അവസാനിപ്പിക്കാം'; അമിത് ഷായെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി
Wednesday, May 1, 2024 6:52 AM IST
കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. ലോക്സഭാ മണ്ഡലത്തിൽ ഡയമണ്ട് ഹാർബർ വന്ന് മത്സരിക്കാനും പരാജയപ്പെടുകയാണെങ്കിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും താൻ വിരമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഞാൻ സജീവ രാഷ്ട്രീയം വിടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ന് ഞാൻ നിങ്ങൾക്ക് നൽകുന്ന മൂന്ന് അവസരങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സംസ്ഥാനത്തിന്റെ കുടിശികയായ 1,64,000 കോടി നിങ്ങൾ അനുവദിക്കൂ, ഞാൻ 24 മണിക്കൂറിനുള്ളിൽ വിരമിക്കാം. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് അനുവദിക്കുക എന്നതാണ് രണ്ടാമത്തെ ആവശ്യം.
ഡയമണ്ട് ഹാർബർ നിയോജക മണ്ഡലത്തിലേക്കുള്ള നാമനിർദ്ദേശം ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അമിത് ഷാ ഇവിടെ നിന്ന് മത്സരിച്ച് എന്നെ തോൽപ്പിക്കുക. ഞാൻ എന്നെന്നേക്കുമായി രാഷ്ട്രീയം വിടും. ഇതാണ് മൂന്നാമത്തെ കാര്യം.-അഭിഷേക് ബാനർജി പറഞ്ഞു.
നിങ്ങൾ നിങ്ങളുടെ നേട്ടത്തിന് വേണ്ടിയാണ് രാഷ്ട്രീയത്തിൽ നിൽക്കുന്നത്. എന്നാൽ ഞങ്ങൾ അത് ചെയ്യുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാണ് ഞങ്ങൾ രാഷ്ട്രീയത്തിലുള്ളത്. അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ "ഉത്തർപ്രദേശ് മുഖ്യമന്ത്രിയെന്ന നിലയിൽ ഏറ്റവും വലിയ പരാജയം' എന്നും ബാനർജി വിശേഷിപ്പിച്ചു. ഉന്നാവോ, ഹത്രാസ്, ലഖിംപൂർ ഖേരി തുടങ്ങിയ ക്രൂരമായ സംഭവങ്ങൾ നടന്നത് അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാണെന്നും അഭിഷേക് ബാനർജി കുറ്റപ്പെടുത്തി.