മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണത്തിന് സ്ഥാനമില്ലെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്: ജെ.പി.നദ്ദ
Wednesday, May 1, 2024 6:34 AM IST
ബംഗുളൂരു: മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണത്തിന് സ്ഥാനമില്ലെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ മുസ്ലീങ്ങൾക്ക് ഒബിസി ക്വാട്ടയിൽ നിന്ന് നാല് ശതമാനം സംവരണം നൽകിയെന്ന് കർണാടകയിലെ ശിവമോഗയിൽ നടന്ന ഒരു യോഗത്തെ അഭിസംബോധന ചെയ്ത് ബിജെപി അധ്യക്ഷൻ പറഞ്ഞു.
അവിഭക്ത ആന്ധ്രാപ്രദേശിൽ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം തട്ടിയെടുക്കാനും മുസ്ലിം സമുദായത്തിന് നൽകാനും അവർ ഒന്നിലധികം തവണ ശ്രമിച്ചു. ഞങ്ങൾ മുസ്ലീങ്ങൾക്ക് എതിരല്ല. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണത്തിന് സ്ഥാനമില്ലെന്ന് അംബേദ്കർ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യ വിഭജന രാഷ്ട്രീയത്തെക്കുറിച്ചും മതത്തെക്കുറിച്ചും മാത്രമേ സംസാരിക്കൂ, അതിനപ്പുറം ഒന്നുമില്ല. സമുദായങ്ങളെ ഭിന്നിപ്പിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ അജണ്ട. യുപിഎ കാലത്തെ അപേക്ഷിച്ച് കർണാടകയ്ക്ക് അനുവദിച്ച വികസന പദ്ധതികൾക്കുള്ള ഫണ്ടിൽ 275 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേയ്ക്കായി 8,000 കോടി രൂപ ചിലവഴിച്ചു. ബംഗുളൂരു സബർബൻ റെയിൽവേ പദ്ധതിക്ക് 15,700 കോടി രൂപ അനുവദിച്ചു. ഭാരത് മാല പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് 614 കിലോമീറ്റർ ഹൈവേകൾ നിർമിക്കുന്നുണ്ട്. നദ്ദ പറഞ്ഞു.
കൂടാതെ, ബംഗുളൂരു വിമാനത്താവളത്തിന് 5,000 കോടി രൂപയും ശിവമോഗ വിമാനത്താവളത്തിന് 450 കോടി രൂപയും അനുവദിച്ചു, കർണാടകയിലെ സ്മാർട്ട് സിറ്റികൾക്കായി 14,000 കോടിയിലധികം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് ഒന്നും പറയാനില്ല, അഴിമതിക്കാരെ രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും നദ്ദ വിമർശിച്ചു. ഇത്തവണ എൻഡിഎ 400 സീറ്റുകൾ കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാക്കൾ കടുത്ത വിഷാദത്തിലായിരിക്കുകയാണ്. ഇന്ത്യയെ വിഭജിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.