സിപിഎമ്മിന്റെ ഒരു കോടി രൂപ ഇഡി പിടിച്ചെടുത്തു
Tuesday, April 30, 2024 8:07 PM IST
തൃശൂര്‍: ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണവുമായി എത്തിയ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ മൊഴി ആദായ നികുതി വകുപ്പ് എടുത്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിൻവലിച്ച ഒരു കോടി രൂപയാണ് ബാങ്കിൽ തിരിച്ച് നിക്ഷേപിക്കാൻ ശ്രമിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.
പണത്തിന്റെ ഉറവിടം കാണിക്കാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ പിൻവലിച്ച തുകയുടെ സീരിയൽ നമ്പരുകൾ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
പണം തിരിച്ചടയ്ക്കാൻ നിയമ സാധുതയുണ്ടെന്ന് സിപിഎമ്മിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ബാങ്കിലെത്തിയത്.
ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തൃശൂർ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ എത്തിയത്.