അരികൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം; കോതയാറിൽ സുരക്ഷിതൻ
Tuesday, April 30, 2024 7:17 PM IST
തിരുവനന്തപുരം: തമിഴ്നാട്ടിലെ കോതയാർ വനത്തിൽ വാസം തുടരുന്ന അരികൊമ്പൻ സുരക്ഷിതനെന്ന് വനംവകുപ്പ്. പുതിയ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ വിശദീകരണം. മാത്രമല്ല, പിടിയാനകളോടൊപ്പം കൂട്ടുകൂടിയെന്നും അവർ വിലയിരുത്തുന്നു.
കളക്കാട് മുണ്ടെൻതുറൈ വന്യജീവി സങ്കേതം വരുന്ന കോതയാർ കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് അരികൊമ്പനെ കോതയാറിലെത്തിച്ചത്. ചിന്നക്കനാൽ മേഖലയിൽ പതിവായി റേഷൻ കട തകർത്ത് അരി ഭക്ഷിച്ച കൊമ്പന് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ.
മേഖലയിൽ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തുവെന്നാണ് കണക്ക്. ഒട്ടേറെപ്പേർ കൊമ്പന്റെ ആക്രമണത്തിൽ മരിച്ചതോടെ അരിക്കൊമ്പൻ മലയാളികൾക്കിടയിൽ കുപ്രസിദ്ധനായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ സർക്കാർ ഉത്തരവിറക്കിയത്.
മൃഗസ്നേഹികളുടെ ശക്തമായ പ്രതിഷേധത്തിനിടയിൽ കേരളം അന്നുവരെ കണ്ടിട്ടില്ലത്തൊരു ദൗത്യവുമായി വനംവകുപ്പ് സംഘം ചിന്നക്കാനാലിലെത്തി. മൂന്ന് ദിവസത്തെ പരിശ്രമത്തിനുശേഷം കഴിഞ്ഞ ഏപ്രിൽ 29ന് ഉച്ചയ്ക്കു 12ന് അരിക്കൊമ്പന് ആദ്യ മയക്കുവെടിവച്ചു.
അഞ്ച് തവണ മയക്കുവെടി വച്ചതിന് ശേഷമാണ് റേഡിയോ കോളർ ഘടിപ്പിക്കാനായത്. അനിമൽ ആംബുലൻസിൽ രാത്രി 12ന് കൊമ്പനെ പെരിയാർ കടുവ സാങ്കേതത്തിലെത്തിച്ചു. ആ യാത്ര കാണാൻ വഴിനീളെ ആളുകൾ തടിച്ചുകൂടി.
ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് കമ്പം ടൗണിൽ ഇറങ്ങിയ കൊമ്പൻ വീണ്ടും ഭീതി പടർത്തി. ഇതോടെ രണ്ട് തവണ മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവ സാങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ ആന കേരള വനത്തിലേക്ക് കടന്നുവെന്നും പ്രചരണമുണ്ടായി. എന്നാൽ കേരള വനത്തിലെ 35 കിലോമീറ്റർ അകലെയാണ് കോതയാർ വനം. കോതയാറിലെ ഡാമിലെ വെള്ളം കുടിച്ചും അവിടുത്തെ തണുത്ത അന്തരീക്ഷത്തിൽ ഇഴകി ചേർന്നും അരികൊമ്പൻ വിലസുകയാണ് ഇപ്പോൾ.
ഒരുഘട്ടത്തിൽ ആന ചരിഞ്ഞുവെന്നും അഭ്യൂഹം പരന്നിരുന്നു. എന്നാൽ അതൊക്കെ തെളിവുകൾ നിരത്തി വനംവകുപ്പ് തള്ളിക്കളഞ്ഞു. ആന സുഖമായിരിക്കുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും തമിഴ്നാട് വനം ഉദ്യോഗസ്ഥർ പറയുന്നു. ഇവർ ആനയെ അരുമൈമകൻ എന്നാണ് വിളിക്കുന്നത്.
ആന്റി പോച്ചിംഗ് സ്ക്വാഡിന്റെയും റിസർവിനുള്ളിലെ വയർലെസ് കേന്ദ്രത്തിന്റെയും അവരുടെ ഡ്രോണുകളും നിരീക്ഷണം തുടരുന്നുണ്ട്. കെറ്റിഎംആർ ഫീൽസ് ഡയരക്ടർ/ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇപ്പോഴും നേരിട്ടാണ് മിഷൻ അരികൊമ്പൻ ചുമതല. കൂടാതെ കളക്കാട്, അംബാസമുദ്രം ഉൾപ്പെടെയുള്ള നാല് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ നേരിട്ട് ചുമതലയിലുണ്ട്.