പതഞ്ജലിക്കെതിരായ നടപടി വൈകി; സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
Tuesday, April 30, 2024 3:28 PM IST
ന്യൂഡല്‍ഹി: പതഞ്ജലിക്കെതിരേ നടപടിയെടുക്കാന്‍ വൈകിയതില്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പതഞ്ജലിക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് പതജ്ഞലിക്കെതിരേ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാൽ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. നാല് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. അതേസമയം കോടതി അലക്ഷ്യക്കേസില്‍ മാപ്പ് പറഞ്ഞ് പരസ്യങ്ങള്‍ നല്കിയ പത്രങ്ങളുടെ പേജുകള്‍ ഹാജരാക്കാന്‍ പതഞ്ജലിക്ക് കോടതി നിര്‍ദേശം നല്കി.
ഇതിനിടെ ഐഎംഎ അധ്യക്ഷന്‍ ആര്.വി.അശോകന് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖം പരിശോധിക്കണമെന്ന് ബാബാ രാംദേവിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഐഎംഎയ്ക്കെതിരേ കോടതി നടത്തിയ പരാമര്‍ശങ്ങളെ അശോകന് വിമര്‍ശിച്ചെന്ന് അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ ഈ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.