ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
Tuesday, April 30, 2024 12:28 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മിക്കുന്ന 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് ബോഡി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ പറഞ്ഞു.
സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസാരി അവലേ, മുക്തവതി എക്സ്ട്രാ പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനിവതി എക്സ്ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോൾഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് എന്നിവയാണ് നിരോധിച്ചത്. 1945-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസിലെ റൂൾ 159(ഒന്ന്) പ്രകാരമാണ് നടപടി.
സ്വാമി രാംദേവ്, ആചാര്യ ബാലകൃഷ്ണ, ദിവ്യ ഫാർമസി, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവർക്കെതിരെ ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് (ആക്ഷേപകരമായ പരസ്യങ്ങൾ) സെക്ഷൻ മൂന്ന്, നാല്, ഏഴ് എന്നിവ പ്രകാരം ഹരിദ്വാറിലെ ജില്ലാ ആയുർവേദ, യുനാനി ഓഫീസർ ഹരിദ്വാറിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നിവർക്ക് മുമ്പാകെ ക്രിമിനൽ പരാതി ലഭിച്ചിരുന്നു.
അതേസമയം, ഏപ്രില്‍ 23ന് നടന്ന അവസാന വാദത്തിനിടെ പത്രങ്ങളില്‍ മാപ്പപേക്ഷ പ്രധാനമായി പ്രദര്‍ശിപ്പിക്കാത്തതിന് പതഞ്ജലിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പഞ്ജലി പത്രങ്ങളില്‍ നല്കിയ മാപ്പപേക്ഷയുടെ വലിപ്പം അതിന്റെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ പേജ് പരസ്യത്തിന് സമാനമാണോയെന്ന് കോടതി ചോദിച്ചിരുന്നു.
കോടതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തങ്ങളുടെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും 67 പത്രങ്ങളില്‍ മാപ്പ് പറഞ്ഞതായും പതഞ്ജലി കോടതിയില്‍ പറഞ്ഞിരുന്നു.