വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായി; ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് ഗോവിന്ദൻ
Monday, April 29, 2024 5:12 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥിക്ക് കിട്ടിയെന്നും വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു.
വടകരയിൽ ബിജെപി വോട്ട് കോൺഗ്രസിന് നൽകി. ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്നാണ് വ്യവസ്ഥ. സ്ഥാനാർഥി നേരിട്ട് ഇടപെട്ടാണ് ചർച്ച നടത്തിയത്.
തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തീരും മുൻന്പെ ബിജെപി സഖ്യകക്ഷികളെ തേടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ഏജൻസികളെ വച്ചുള്ള ഭീഷണി കണ്ടതാണ്. മോദിയുടെ ഗ്യാരണ്ടി ജനം തള്ളി. മതനിരപേക്ഷ സർക്കാർ രാജ്യത്ത് നിലവിൽ വരുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ തവണത്തെ പ്രഭ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇല്ല. വയനാട്ടിലടക്കം ഇത് പ്രതിഫലിക്കും.
അക്കൗണ്ട് തുറക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ ബിജെപി കേന്ദ്ര ഏജൻസികളെ ഇറക്കി. പ്രധാനമന്ത്രി നേരിട്ട് കള്ള പ്രചാരണങ്ങൾ നടത്തി. എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി.
വർഗീയ പ്രചാരണങ്ങൾക്കൊപ്പം വ്യക്തി അധിക്ഷേപവും ഉണ്ടായി. ഇതിനെ എല്ലാം ജനം തള്ളുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.