തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
Sunday, April 28, 2024 5:25 PM IST
കണ്ണൂർ: താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് എൽഡിഎഫ് കണ്വീനർ ഇ.പി. ജയരാജൻ. തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് പുറത്തുവന്നത്. കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേർന്നുവെന്നും ജയരാജൻ കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിയായിരുന്ന ജാവദേക്കർ തന്നെ കണ്ടിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതോടെ താൻ സിപിഎം വിട്ട് ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന് മാധ്യമങ്ങൾ വാർത്ത കൊടുത്തു. ഇക്കാര്യത്തിൽ മാധ്യമങ്ങൾ പരിശോധന നടത്തിയോ എന്നും അദ്ദേഹം ചോദിച്ചു. ആസൂത്രിതമായാണ് തെരഞ്ഞെടുപ്പിനു മുൻപ് വാർത്ത കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലോ ഡൽഹിയിലോ വച്ച് താൻ ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ല. തനിക്ക് ശോഭയുമായി ഒരു പരിചയവുമില്ല. ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ മാത്രമാണ് ശോഭയെ താൻ അടുത്തു കണ്ടത്. ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞെങ്കിൽ അപ്പോൾ തന്നെ വാർത്ത കൊടുക്കണോ. അത് പരിശോധിക്കേണ്ടെ എന്നും അദ്ദേഹം ചോദിച്ചു.
ചില മാധ്യങ്ങളുടെ പ്രധാനികളും ചില രാഷ്ട്രീയക്കാരും കെ. സുധാകരനും ശോഭ സുരേന്ദ്രനും അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള പരിപാടിയാണ്. അല്ലെങ്കിൽ തനിക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിക്കുമോ. ഇങ്ങനെ എങ്ങനെയാണ് തന്നെ ആക്ഷേപിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
ഗൾഫിലാണ് ഗൂഢാലോചന നടന്നതെന്ന് കെ. സുധാകരൻ പറഞ്ഞാൽ പരിശോധിക്കണ്ടേ. താൻ മന്ത്രിയായിരുന്നപ്പോൾ ആണ് ഗൾഫിൽ പോയത്. താൻ ഡൽഹി പോയിട്ടും നാളുകൾ ആയി. തനിക്കെതിരെ വാർത്ത കൊടുക്കുന്പോൾ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് പരിശോധിക്കേണ്ടേ.
അപ്പോൾ വ്യക്തിഹത്യ നടത്താൻ, രാഷ്ട്രീയത്തെ നശിപ്പിക്കാൻ ഇത്തരത്തിലുള്ള ആളുകളെ പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത് ശരിയാണോ. തന്നെ കുറിച്ച് കൊടുത്ത വാർത്തയിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്നും ഇ.പി ആവശ്യപ്പെട്ടു.
സുധാകരൻ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുന്നുവെന്ന് താൻ പറഞ്ഞു. തമിഴ്നാട്ടിൽവച്ച് ബിജെപി നേതാവ് രാജയുമായി സുധാകരൻ ചർച്ച നടത്തി. ഇവിടെയുള്ള ബിജെപി നേതാക്കളുമായും സുധാകരൻ ചർച്ച നടത്തി. ഇത് താൻ പറഞ്ഞതിനു പിന്നാലെ ഞാൻ ബിജെപിയിലേക്ക് പോകുന്ന എന്നതരത്തിൽ വാർത്ത വന്നുവെന്നും ഇ.പി പറഞ്ഞു.
തനിക്കെതിരെ തെളിവുണ്ടെങ്കിൽ വാർത്ത കൊടുത്തോളു. അടിസ്ഥാന രഹിതമായ വാർത്തകൾ കൊടുക്കുന്നത് എന്തിനു വേണ്ടിയാണെന്നും ജയരാജൻ ചോദിച്ചു.