ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
റെനീഷ് മാത്യു
Saturday, April 27, 2024 6:14 PM IST
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന കാര്യം വോട്ടെടുപ്പ് ദിവസം തന്നെ ഇ.പി.ജയരാജൻ സമ്മതിച്ചതും ഇതിനെതിരേയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും സിപിഎമ്മിലും ഇടതുമുന്നണിയിലും അതൃപ്തി.
തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദം ചർച്ചയാകുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പരസ്യ പ്രസ്താവന പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ജയരാജനെതിരേ നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി.ജയരാജനെ മാറ്റുമോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകും.
നേരത്തേ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ദേശാഭിമാനി ബോണ്ട് വിവാദം, വിവാദ വ്യവസായിമായുള്ള ദേശാഭിമാനി ഭൂമി ഇടപാട്, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനം തുടങ്ങിയ വിഷയങ്ങളില്‍ ഇ.പി.ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അച്ചടക്ക നടപടിയെടുത്തിരുന്നു. ഇപ്പോഴത്തെ വിഷയത്തിലും മുഖ്യമന്ത്രിയുടെ തള്ളിപ്പറയിലിനുമപ്പുറമുള്ള നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇടതുമുന്നണിയിലും ഇപിയോടുള്ള അതൃപ്തി പുകയുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കമ്പോള മേധാവിത്വം രാഷ്ട്രീയത്തില്‍ പിടി മുറുക്കുമ്പോഴാണ് ദല്ലാളന്മാര് പന പോലെ വളരുന്നതെന്നാണ് ദല്ലാൾ നന്ദകുമാർ-ഇപി ബന്ധത്തെ ബിനോയ് വിശ്വം വിശേഷിപ്പിച്ചത്.
ഇടതുപക്ഷവും വലതുപക്ഷവും ഒന്നു പോലെയാണെന്ന പ്രചാരവേല ശക്തിപ്പെടുമ്പോള്‍ അവയ്ക്കെതിരെ വാക്കിലും പ്രവൃത്തിയിലും ജാഗ്രത പാലിക്കാന്‍ കടപ്പെട്ടവരാണ് ഇടതുപക്ഷ നേതാക്കളെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇപി വിഷയം ചർച്ച ചെയ്യാനാണ് സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ തീരുമാനം. ഇ.പിയെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഘടകകക്ഷികൾ യോഗത്തിൽ ആവശ്യപ്പെടും.
പ്രചാരണ കാന്പയിനും തിരിച്ചടി
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണമായിരുന്നു ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നുള്ളത്. എന്നാൽ, ഈ പ്രചാരണ കാന്പയിന് തിരിച്ചടിയായി മാറി ഇ.പിയും -ബിജെപി നേതാവ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയേറ്റാൽ പാർട്ടിക്കുള്ളിൽ സിപിഎം-ബിജെപി ബന്ധമായിരിക്കും ഭരണവിരുദ്ധ വികാരത്തേക്കാൾ കൂടുതൽ ചർച്ചയാകുന്നത്.
ഇപിക്കെതിരേയുള്ള ആരോപണം ആദ്യമല്ല
പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിക്കാൻ ചരടുവലി നടത്തിയാളാണ് പ്രകാശ് ജാവഡേക്കർ. ഇപിയുടെ ബിജെപി ബന്ധത്തെക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്.
തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖര്‍ - ഇ.പി. ജയരാജന് ബിസിനസ് കൂട്ടുകെട്ടിനെതിരേയാണ് വി.ഡി.സതീശൻ രംഗത്ത് വന്നത്. ബിജെപി-സിപിഎം എന്ന് പറയുന്നതുപോലെയാണ് നിരാമയ-വൈദേകം റിസോര്‍ട്ട് എന്ന പേരുമാറ്റമെന്നും വി.ഡി.സതീശൻ ആരോപിച്ചിരുന്നു.
ഇതിനിടെയാണ് ബിജെപി സ്ഥാനാർഥികളെ പുകഴ്ത്തി ഇ.പി. രംഗത്ത് വന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രധാന മത്സരം ബിജെപിയും ഇടതുമുന്നണിയും തമ്മിലാണെന്നായിരുന്നു ഇ.പിയുടെ പ്രസ്താവന. മികച്ച സ്ഥാനാർഥികളെന്ന് ബിജെപി സ്ഥാനാർഥികളെ വിശേഷിപ്പിച്ചിരുന്നു. ഇതിനെ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എതിർത്തിരുന്നു.
മന്ത്രി സ്ഥാനം പോയപ്പോൾ അകന്നുതുടങ്ങി
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബന്ധുനിയമനത്തിന്റെ പേരിൽ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നപ്പോൾ മുതൽ സിപിഎമ്മിൽ അതൃപ്തനായി തുടങ്ങിയതാണ് ഇപി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയും പിബി അംഗവുമായതോടെ ഇപിയുടെ അതൃപ്തി പതിന്മടങ്ങായി. എ.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദകുമാറിന്റെ കുടുംബക്ഷേത്രത്തിലെ പരിപാടിക്ക് പോയാണ് പ്രതിഷേധിച്ചത്.
നന്ദകുമാറിന്റെ അമ്മയെ പൊന്നാടയണിയിക്കുന്ന ദൃശ്യങ്ങൾ ചർച്ചയായപ്പോഴാണ് തൃശൂരിലെത്തി ജനകീയപ്രതിരോധ യാത്രയിൽ മുഖം കാണിച്ചത്. അന്ന് തന്നെയാണ് നന്ദകുമാറിന്റെ മധ്യസ്ഥതയിൽ ചർച്ച നടന്നുവെന്ന് ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നത്.
സിപിഎമ്മിൽ നിന്നും ഇ.പി. ജയരാജൻ അകന്നുതുടങ്ങിയത് പിന്നിൽ വൈദേകം റിസോർട്ടും ഒരു കാരണമായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇ.പി. ജയരാജനെതിരേ പി. ജയരാജൻ സാന്പത്തിക ആരോപണം ഉന്നയിച്ചതും ഈ റിസോർട്ടിന്റെ പേരിലായിരുന്നു. വൈദേകം റിസോർട്ടിന്റെ മറവിൽ അനധികൃത സ്വത്ത് സന്പാദനം നടക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം.
പി. ജയരാജൻ ഉന്നയിച്ച ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എഴുതി വാങ്ങുകയും അന്വേഷിക്കുമെന്ന് സംസ്ഥാന കമ്മിറ്റിയിൽ അറിയിക്കുകയും ചെയ്തിരുന്നു. എൽഡിഎഫ് കൺവീനറായിട്ടും കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ മാത്രമായിരുന്നു പ്രചാരണ ചുമതല ഇപിക്ക് നല്‍കിയിരുന്നത്.