ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
Saturday, April 27, 2024 5:33 PM IST
ടെഹ്റാൻ: ഇറാന് തട്ടിയെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നല്കി ഇറാന്റെ വിദേശകാര്യമന്ത്രാലയം. കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിനു സമീപത്തുവച്ച് ഇറാൻ കപ്പൽ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 23 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ മലയാളിയായ ആൻ ടെസ ജോസഫിനെ മോചിപ്പിച്ചിരുന്നു.
സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് ഇറാൻ വിശദീകരിച്ചത്. എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പലാണ് ഇറാന് തട്ടിയെടുത്തത്. ഇസ്രയേലുമായി ബന്ധമുള്ള യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്.