ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Friday, April 26, 2024 7:21 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടു. പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേർപിരിഞ്ഞതായി ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
2021ൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത വുകോമനോവിച്ച് തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ചശേഷമാണ് മടങ്ങുന്നത്. ആദ്യ സീസണിൽ തന്നെ അദ്ദേഹം ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു.
2023 മാർച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് പോരാട്ടത്തിലെ വിവാദ ഗോളിൽ പ്രതിഷേദിച്ച് ഇവാൻ വുകോമനോവിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിനെ പിൻവലിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.. അതിനുള്ള ശിക്ഷയായി ഇവാന് എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ഏർപ്പെടുത്തിയത് 10 മത്സര വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടുകൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യനായൊരു പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികൾ ക്ലബ് ഉടൻ ആരംഭിക്കുമെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.