ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
Thursday, April 25, 2024 8:27 PM IST
മസ്കത്ത്: ഒമാനിലെ നിസ്വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇൽയാസ് എന്നിവരാണ് മരിച്ച മലയാളികൾ. ഈജിപ്ത് സ്വദേശിനി അമാനിയാണ് മരിച്ച മൂന്നാമത്തെയാൾ. മലയാളികളായ ഷേർലി ജാസ്മിൻ, മാളു മാത്യു എന്നീ നഴ്സുമാർക്കാണ് പരിക്കേറ്റത്.
നിസ്വയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചംഗ സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ മസ്കത്ത് ഇബ്രി ഹൈവേയിലാണ് അപകടമുണ്ടായത്.
നിസ്വ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ കാത്തു നിൽക്കുകയായിരുന്ന ഇവരുടെ മേൽ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ ഇടിച്ച് കയറുകയായിരുന്നു.
ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.