തൃശൂരിൽ വോട്ടിന് പണം; ബിജെപിക്കെതിരെ പരാതി
Thursday, April 25, 2024 8:13 PM IST
തൃശൂര്‍: ബിജെപി നേതാക്കൾ വോട്ടിന് പണം നൽകിയെന്ന ആരോപണവുമായി തൃശൂര്‍ ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാര്‍.
ബിജെപി പ്രാദേശിക നേതാവായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്ന് ആരോപിച്ച് കോളനി നിവാസികളായ അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവർ രംഗത്ത് എത്തി.
ആളുകൾ കൂടിയപ്പോഴേക്കും പണവുമായി വന്നയാൾ മടങ്ങിയെന്നും അധികൃതർക്ക് പരാതി നൽകിയെന്നും കോളനി നിവാസികൾ പറഞ്ഞു. സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ എൻഡിഎയ്ക്കായി സുരേഷ് ഗോപിയും യുഡിഎഫിനായി കെ.മുരളീധരനും എൽഡിഎഫിനായി വി.എസ്.സുനില്‍ കുമാറുമാണ് മത്സരരംഗത്ത്.
തോൽവി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന വ്യാജ പ്രചാരണമാണിതെന്നും പണം നൽകാൻ പാർട്ടി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ബിജെപി നേതൃത്വം അറിയിച്ചു.