ചണ്ഡീഗഡ്: ഹരിയാനയിൽ വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. മനേസറിനടുത്തുള്ള ബാഗങ്കി ഗ്രാമത്തിൽ ജെസിബി ഉപയോഗിച്ച് പുതിയ വീടിന്‍റെ അടിത്തറ മാന്തുന്നതിനിടെയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്.

അതേസമയം, സ്ഥലമുടമ വിവരം മറച്ചു വയ്ക്കാൻ ശ്രമിക്കുകയും ഇതിനെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ ജെസിബി ഡ്രൈവർക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഡ്രൈവർ ബിലാസ്പൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു.

ഇവിടെ നിന്നും കണ്ടെടുത്തവയിൽ വിഷ്ണുവിന്‍റെ നിൽക്കുന്ന വിഗ്രഹം, ലക്ഷ്മി ദേവിയുടെ വിഗ്രഹം, ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്‍റെയും സംയുക്ത വിഗ്രഹം എന്നിവ ഉൾപ്പെടുന്നു.

പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബനാനി ഭട്ടാചാര്യ, ഡോ. കുഷ് ധേബർ എന്നിവർക്ക് ബിലാസ്പൂർ പോലീസ് വിഗ്രഹങ്ങൾ കൈമാറി. വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്നതിനാൽ വിഗ്രഹങ്ങൾ പഞ്ചായത്തിന് കൈമാറണമെന്നായിരുന്നു ഗ്രാമവാസികളുടെ ആവശ്യം. എന്നാൽ ഇവരുടെ ആവശ്യം പുരാവസ്തു വകുപ്പ് അധികൃതർ നിരസിച്ചു.

ഈ വിഗ്രഹങ്ങൾ സർക്കാരിന്‍റെ സ്വത്താണ്, ആർക്കും ഇതിൽ വ്യക്തിപരമായ അവകാശങ്ങൾ ഉണ്ടാകില്ല. ഇവ ഞങ്ങളുടെ ലബോറട്ടറിയിൽ പഠിച്ച ശേഷം പുരാവസ്തു വകുപ്പിന്‍റെ മ്യൂസിയത്തിൽ സൂക്ഷിക്കും. പ്രാഥമിക പരിശോധനയിൽ ഈ വിഗ്രഹങ്ങൾക്ക് 400 വർഷത്തോളം പഴക്കമുണ്ടെന്ന് തോന്നുന്നു. ഇത് കണ്ടെത്തിയ സ്ഥലത്ത് ഇനിയും ഖനനം നടത്തുമെന്ന് പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.