"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Wednesday, April 24, 2024 8:22 PM IST
കൊച്ചി: സംവിധായകന് ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ "ബിഹാര്‍ റോബിന്‍ഹുഡ്' എന്ന മുഹമ്മദ് ഇര്ഫാന് (35) മോഷണം നടത്തുന്നതിനായി എത്തിയ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഹോണ്ട അക്കോര്‍ഡ് കാര്‍ മഹാരാഷ്ട്ര സ്വദേശിയില്‍ നിന്ന് വാങ്ങിയത്. ചോദ്യം ചെയ്യലിനിടെയാണ് മുഹമ്മദ് ഇര്ഫാന് ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
മുഹമ്മദ് ഇര്‍ഫാന്റെ സഹോദരി ഭര്‍ത്താവിനൊപ്പമാണ് മുംബൈ സ്വദേശി ജോലി ചെയ്തിരുന്നത്. ഈ പരിചയത്തിന്റെ പേരില്‍ രണ്ടു ലക്ഷം രൂപ കൊടുത്താണ് കാര്‍ സ്വന്തമാക്കിയതെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ ആര്‍സി ബുക്കില്‍നിന്ന് വാഹന ഉടമയുടെ പേര് ഇതുവരെ മാറ്റിയിരുന്നില്ല.
ഭാര്യ കേരളത്തിലേക്ക്
മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ ഇന്ന് കൊച്ചിയിലെത്തുമെന്ന് കേസ് അന്വേഷിക്കുന്ന എറണാകുളം സൗത്ത് പോലീസിനെ അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നാണ് ഗുല്‍ഷന്‍ എത്തുന്നത്. ബിഹാര്‍ സീതാമര്‍ഹിയിലെ ജില്ലാ പരിഷത്ത് പ്രസിഡന്റാണ് ഗുല്‍ഷന്‍. ജില്ലാപരിഷത്ത് പ്രസിഡന്റെന്ന് ബോര്‍ഡ് വച്ച കാറിലായിരുന്നു പ്രതി മോഷണത്തിനായി എത്തിയത്.
മുഹമ്മദ് ഇര്ഫാന് അറസ്റ്റിലായ വിവരം പോലീസ് ഇവരെ അറിയിച്ചിരുന്നു. അതേസമയം അഭിഭാഷകനായ ആളൂരിന്റെ ഓഫീസില്‍ നിന്നെന്നു പറഞ്ഞ് രണ്ടു പേര് മുഹമ്മദ് ഇര്‍ഫാനു വേണ്ടി സൗത്ത് പോലീസ് സ്റ്റേഷനില്‍ രാവിലെ എത്തിയിരുന്നു. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ ഗുല്‍ഷന്‍ വക്കീലിനെ ഏര്‍പ്പാടാക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.
സ്വര്‍ണം കല്യാണാവശ്യത്തിനായി ലോക്കറില്‍നിന്ന് എടുത്തത്
അടുത്തിടെ നടന്ന കല്യാണാവശ്യത്തിനായി എടുത്ത സ്വര്‍ണമാണ് സംവിധായകന് ജോഷിയുടെ വീട്ടില്‍ നിന്ന് മോഷണം പോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 25 ലക്ഷം രൂപയുടെ വജ്ര നെക്ലേസ്, 8 ലക്ഷം രൂപ വിലയുള്ള 10 വജ്രക്കമ്മലുകള്‍, 10 മോതിരങ്ങള്‍, 10 സ്വര്‍ണമാലകള്‍, 10 വളകള്‍, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങി 74 സാധനങ്ങളാണ് ജോഷിയുടെ വീട്ടില്‍നിന്ന് കവര്‍ന്നത്.
പ്രതിയുടെ കാറില്‍ നിന്ന് വീണ്ടെടുത്ത 1.20 കോടി മൂല്യമുള്ള ആഭരണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ഇന്നോ നാളെയോ അപ്രൈസറുടെ പരിശോധന പൂര്‍ത്തിയാക്കി കോടതി ഇവ സ്വീകരിച്ച് തൊണ്ടി നമ്പര്‍ നല്‍കും. ക്ലെയിം അപ്പീല്‍ സമര്‍പ്പിച്ചാല്‍ ഒരാഴ്ചയ്ക്കകം ആഭരണങ്ങള്‍ ജോഷിക്ക് തിരികെ ലഭിക്കും.