രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
Wednesday, April 24, 2024 4:26 PM IST
കോഴിക്കോട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരേ വീണ്ടും അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ എംഎൽഎ. ‘രാഷ്ട്രീയ പാൽക്കുപ്പി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ അധിക്ഷേപിച്ചത്.
ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക് രാഹുലിന്റെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ടെന്നും അൻവർ പോസ്റ്റിൽ കുറിച്ചു.
പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഈ നാട്ടിലെ ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത കുറച്ച് ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക് പോലും ഇയാളുടെയൊക്കെ രാഷ്ട്രീയബോധത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ട്. താമസിക്കുന്ന വീട്ടിൽനിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘപരിവാർ ഭരണകൂടത്തെ പിടിച്ചുകുലുക്കിയ കർഷകസമരം മുന്നേറുമ്പോൾ, അവിടെ ഒന്ന് തിരിഞ്ഞ് നോക്കാതെ നേരേ പട്ടായയ്ക്ക് വച്ച് പിടിച്ചിട്ട്, എല്ലാം കഴിഞ്ഞപ്പോൾ തിരിച്ചെത്തി വയനാട്ടിൽ വന്ന് ട്രാക്ടർ റാലി നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ. "രാഷ്ട്രീയ പാൽക്കുപ്പി" പോസ്റ്റില്‍ പറയുന്നു.
പാലക്കാട് എടത്തനാട്ടുകരയിൽ എൽഡിഎഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് അൻവർ പറഞ്ഞിരുന്നു. രാഹുലിനെതിരായ അൻവറിന്റെ ഈ അധിക്ഷേപ പരാമർശത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണമെന്നും അങ്ങനെ തിരിച്ചുകിട്ടാതിരിക്കാൻ തക്ക നേതാവല്ല രാഹുൽ എന്നും പിണറായി പരിഹസിച്ചിരുന്നു.
അൻവറിനെതിരേ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.