കൊടുംചൂടിൽ തെല്ലാശ്വാസം; ഇന്നും നാളെയും ഇടിയോടുകൂടി മഴയെത്തും
Wednesday, April 24, 2024 3:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ തെല്ലാശ്വാസമായി മഴമുന്നറിയിപ്പ്. ഇന്നും വ്യാഴാഴ്ചയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട മഴയ്ക്കൊപ്പം ഇന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.