"ഇത്തവണ റോബർട്ട് വാദ്ര': അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ
Wednesday, April 24, 2024 2:20 PM IST
ലക്നോ: അമേഠിയിൽ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഗൗരിഗഞ്ചിലെ കോൺഗ്രസിന്റെ പ്രാദേശിക പാർട്ടി ഓഫീസിന് മുന്നിലാണ് "ഇത്തവണ സീറ്റ് റോബർട്ട് വാദ്രക്ക് കൊടുക്കണം' എന്ന് എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മേയ് 20നാണ് അമേഠിയിൽ വോട്ടെടുപ്പ് നടക്കുന്നത്. മേയ് മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാർഥി. എന്നാൽ, കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
നേരത്തേ, മണ്ഡലത്തിൽ മത്സരിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ച് വാദ്ര രംഗത്തെത്തിയിരുന്നു. ജനം തന്റെ സ്ഥാനാർഥിത്വം ആവശ്യപ്പെടുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വാദ്ര അഭിപ്രായപ്പെട്ടിരുന്നു.
തൊട്ടുപിന്നാലെ, വാദ്രയെ കോൺഗ്രസ് സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് ചില പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഒരുകാലത്ത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായിരുന്ന അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടക്കം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എത്തിയിട്ടുണ്ട്. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി തോൽപിച്ചതോടെയാണ് മണ്ഡലം കോൺഗ്രസ് കൈവിട്ടത്.