വീഴ്ചയിൽനിന്ന് തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 53,000 കടന്നു
Wednesday, April 24, 2024 11:02 AM IST
കൊച്ചി: മൂന്ന് ദിവസത്തെ ക്ഷീണത്തിനു ശേഷം പുത്തനുണർവോടെ തിരിച്ചുകയറി സ്വർണവില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 53,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന് 53,280 രൂപയിലും ഗ്രാമിന് 6,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 5,570 രൂപയിലെത്തി. 24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില 392 രൂപ കൂടി 58,120 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49 രൂപ വർധിച്ച് 7,265 രൂപയായും വർധിച്ചു.
റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില മൂന്നുദിവസമായി താഴേക്കുപോയിരുന്നു. മൂന്നുദിവസത്തിനിടെ 1,600 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു. 24 ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 2400 രൂപയാണ്.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേട്ടത്തിലാണ് ബുധനാഴ്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 3.30 ഡോളർ (0.14%) വർധിച്ച് 2327.01 ഡോളർ എന്നതാണ് നിരക്ക്.
പശ്ചിമേഷ്യയിലെ യുദ്ധ ഭീതി താൽക്കാലികമായി ഒഴിഞ്ഞതോടെയാണ് സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. എന്നാൽ ഇതിന് ശേഷം സ്വർണം ഇപ്പോൾ തിരിച്ചു കയറുന്ന കാഴ്ചയാണുള്ളത്. വരുംദിവസങ്ങളിലും വില മുന്നോട്ട് തന്നെ കുതിക്കുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.