വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകള്; തലപ്പുഴയിൽ എത്തിയത് നാലംഗം സംഘം
Wednesday, April 24, 2024 8:43 AM IST
കൽപറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന് റിപ്പോർട്ട്. തലപ്പുഴ കമ്പമലയിൽ രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തിയതായി നാട്ടുകാർ അറിയിച്ചു. തൊഴിലാളികൾ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. ഏകദേശം 20 മിനിറ്റ് പ്രദേശത്ത് തുടർന്ന സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ശേഷമാണ് മടങ്ങിയത്.
നാലു പുരുഷന്മാരാണു സംഘത്തിലുണ്ടായിരുന്നതെന്നാണു വിവരം. രണ്ടുപേരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. സി.പി. മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും ഇവർ മുദ്രാവാക്യം മുഴക്കിയതായും നാട്ടുകാർ പറയുന്നു.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മുൻപും മാവോയിസ്റ്റുകൾ ഇവിടെ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫിസുകൾ ആക്രമിക്കുകയും ചെയ്തിരുന്നു.
മാസങ്ങള്ക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷന്റെ ഓഫീസ് മാവോയിസ്റ്റുകള് അടിച്ചുതകർത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടുകയും ചെയ്തിരുന്നു.