രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
Wednesday, April 24, 2024 1:17 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ "അബു ഹംസ' എന്ന രഹസ്യനാമമുള്ള വിദേശ ഭീകരന് പങ്കുണ്ടെന്ന് പോലീസ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു.
താനമാണ്ടി പ്രദേശത്തെ കുണ്ട ടോപ്പ് വില്ലേജിൽ മുഹമ്മദ് റസാഖ് (40) എന്നയാളാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. ഇയാളുടെ സഹോദരൻ മുഹമ്മദ് താഹിർ ചൗധരി ടെറിട്ടോറിയൽ ആർമിയിൽ സൈനികനാണ്.
വീട്ടുവളപ്പിലേക്ക് ലഷ്കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള രണ്ട് ഭീകരർ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നിന്നും മുഹമ്മദ് താഹിർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മുഹമ്മദ് റസാഖിന്റെ സംസ്കാരം നടത്തി.