ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
Tuesday, April 23, 2024 11:59 PM IST
ചെന്നൈ: രണ്ട് സെഞ്ചുറി പിറന്ന സൂപ്പർ ഡ്യൂപ്പർ പോരാട്ടത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനു ജയം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിന് ലക്നോ കീഴടക്കി. ഋതുരാജ് ഗെയ്ക്വാദ് (60 പന്തിൽ 108 നോട്ടൗട്ട് ) ചെന്നൈ സൂപ്പർ കിംഗ്സിനും വേണ്ടിയും മാർക്കസ് സ്റ്റോയിൻസ് (63 പന്തിൽ 124 നോട്ടൗട്ട് ) ലക്നോയ്ക്കു വേണ്ടിയും സെഞ്ചുറി നേടി. സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 210/4 (20). ലക്നോ സൂപ്പർ ജയ്ന്റ്സ് 213/4 (19.3).
ഇതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിൽ പിറന്ന സെഞ്ചുറികളുടെ എണ്ണം ഒമ്പത് ആയി. 63 പന്തിൽ ആറ് സിക്സും 13 ഫോറും അടക്കമാണ് സ്റ്റോയിൻസ് ലക്നോയെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിച്ചത്.
ക്വിന്റൺ ഡി കോക്ക് (0), കെ.എൽ. രാഹുൽ (16), ദേവ്ദത്ത് പടിക്കൽ (13), നിക്കോളാസ് പുരാൻ (34) എന്നിവരുടെ വിക്കറ്റാണ് ലക്നോയ്ക്ക് ചേസിംഗിനിടെ നഷ്ടപ്പെട്ടത്. ദീപക് ഹൂഡ (ആറ് പന്തിൽ 17 നോട്ടൗട്ട് ) സ്റ്റോയിൻസിന് ഒപ്പം പുറത്താകാതെ നിന്നു.
ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യ ഓവറിന്റെ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തി മാറ്റ് ഹെൻറി ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ തീരുമാനം ശരിവച്ചു.
ഡാരെൽ മിച്ചലും (10 പന്തിൽ 11) ഋതുരാജ് ഗെയ്ക്വാദും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 45 റണ്‍സ് നീണ്ടു. യാഷ് താക്കൂറിന്റെ പന്തിൽ ദീപക് ഹൂഡയ്ക്കു ക്യാച്ച് നൽകി ഡാരെൽ മിച്ചൽ പുറത്ത്. രവീന്ദ്ര ജഡേജയ്ക്ക് (19 പന്തിൽ 16) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
അഞ്ചാം നന്പറായി ക്രീസിലെത്തിയ ശിവം ദുബെ മികച്ച ഫോമിലായിരുന്നു. നേരിട്ട 22-ാം പന്തിൽ ദുബെ അർധസെഞ്ചുറിയിലെത്തി. 27 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും അടക്കം 66 റണ്‍സ് നേടിയ ദുബെ റണ്ണൗട്ടായി. 46 പന്തിൽ 104 റണ്‍സിന്റെ കൂട്ടുകെട്ട് അതോടെ അവസാനിച്ചു.
60 പന്തിൽ മൂന്ന് സിക്സും 12 ഫോറും അടക്കമായിരുന്നു ഗെയ്ക്വാദ് 108 റണ്‍സുമായി പുറത്താകാതെ നിന്നത്.