സൂറത്തിൽ പത്രിക തള്ളിപ്പോയ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും
Tuesday, April 23, 2024 7:05 PM IST
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സൂറത്തിൽ നിന്ന് മത്സരിക്കാൻ പത്രിക സമർപ്പിക്കുകയും പിന്നീട് തള്ളിപ്പോവുകയും ചെയ്ത നീലേഷ് കുംഭാനി ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന.
പത്രിക തള്ളിയതോടെ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കുംഭാനിയെ കാണാതായെന്നും ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നീലേഷ് കുംഭാനി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ ഇദ്ദേഹത്തിന്റെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥാനാർഥിയെ നാമനിര്‍ദേശം ചെയ്ത മൂന്ന് പേരും ഒപ്പുകള്‍ തങ്ങളുടേതല്ലെന്ന് വരണാധികാരിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്. പകരം സ്ഥാനാര്‍ഥിയായ സുരേഷ് പഡസലയുടെ പത്രികയും ഇതേ രീതിയില്‍ തള്ളുകയായിരുന്നു.
ബിഎസ്പി സ്ഥാനാര്‍ഥിയും ഏഴു സ്വതന്ത്രരും പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥിയെ എതിരില്ലാതെ തെരഞ്ഞെടുത്തത്.