നന്ദകുമാര് തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
Tuesday, April 23, 2024 3:58 PM IST
ആലപ്പുഴ: ദല്ലാള് നന്ദകുമാറിന്റെ ആരോപണങ്ങള്ക്ക് മറുപടിയുമായി ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രന്. കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയില് ചേര്ക്കാന് നന്ദകുമാര് ലക്ഷ്യമിട്ടു. ഇതിനാണ് തന്നെ വന്ന് കണ്ടതെന്ന് ശോഭ പറഞ്ഞു.
പിണറായിയുടെ തലപ്പൊക്കമുള്ള നേതാവിനെയാണ് ബിജെപിയിലെത്തിക്കാന് ശ്രമിച്ചത്. തൃശൂര് രാമനിലയത്തിലെത്തി ഈ നേതാവ് തന്നെ കണ്ടു. പിന്നീട് ഡല്ഹിയിലും വന്നു.
ഇതിന് പ്രതിഫലമായി കോടികളാണ് നന്ദകുമാർ ആവശ്യപ്പെട്ടത്. കാല് തല്ലിയൊടിക്കുമെന്ന് പിണറായിയുടെ ലോബി പറഞ്ഞതുകൊണ്ടാണ് നേതാവിനെ ബിജെപിയില് എത്തിക്കാനുള്ള ഉദ്യമത്തില്നിന്ന് നന്ദകുമാര് പിന്മാറിയത്. ഈ നേതാവിന്റെ പേര് നന്ദകുമാര് പുറത്തുവിട്ടാല് താന് കൂടുതല് കാര്യങ്ങള് പറയാമെന്നും ശോഭ പറഞ്ഞു.
പത്ത് ലക്ഷം രൂപ വാങ്ങിയെന്ന നന്ദകുമാറിന്റെ ആരോപണത്തിനും ശോഭ മറുപടി പറഞ്ഞു. നന്ദകുമാറിന്റെ കൈയില്നിന്ന് പത്ത് ലക്ഷം വാങ്ങി. തന്റെ എട്ട് സെന്റ് സ്ഥലം വിറ്റതിന്റെ വിലയായി അക്കൗണ്ടിലാണ് പണം വാങ്ങിയത്.
ഈ സ്ഥലം രജിസ്റ്റര് ചെയ്യാന് വേണ്ടി പല തവണ പിന്നീട് നന്ദകുമാറിനെ ബന്ധപ്പെട്ടിട്ടുണ്ട്. തന്നെ സംശയത്തിന്റെ നിഴലില് നിര്ത്താനാണ് ഇപ്പോള് ആരോപണമുന്നയിക്കുന്നത്. നന്ദകുമാര് നാണം കെട്ടവനും നെറികെട്ടവനുമാണെന്നും ശോഭ കൂട്ടിച്ചേര്ത്തു.